ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ മേഖലകൾ സജ്ജമായി. ബഹ്‌റൈനിലെ വസ്ത്ര വ്യാപാര രംഗത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായി അറിയപ്പെടുന്ന സൂഖുകൾ ചുവപ്പും വെളുപ്പും നിറങ്ങളിൽ തീർത്ത വസ്ത്രങ്ങൾ ഒരുക്കി ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഏതു പ്രായക്കാർക്കും ദേശീയ ദിനാഘോഷങ്ങളിൽ അണിയുന്നതിനുള്ള വസ്ത്രങ്ങളാണ് ഇവിടെയുള്ള കടകളിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ഡിസംബർ 16 നാണ് ബഹ്‌റൈൻ ദേശീയ ദിനമായി ആചരിക്കുന്നത്.
സ്വദേശികൾക്കൊപ്പം ബഹ്‌റൈനിലെ പ്രവാസികളും ദേശീയ ദിനാഘോഷങ്ങളിൽ സജീവമായി പങ്കാളികളാകാനുള്ള ഒരുക്കത്തിലാണ്. മുഹറഖ് സൂഖിലെയും മനാമ സൂഖിലെയും വസ്ത്രവ്യാപാര സ്‌ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ ദേശീയ ദിന ആഘോഷ വസ്ത്രങ്ങൾ വിൽപ്പനക്കായി പ്രദർശിപ്പിച്ചിട്ടുള്ളത്. സ്വദേശികളാണ് ഇത്തരം വസ്ത്രങ്ങളുടെ പ്രധാന ഉപയോക്താക്കൾ. എന്നാൽ ഇപ്പോൾ മലയാളികൾ അടക്കമുള്ള പ്രവാസികളും കുട്ടികൾക്ക് വേണ്ടി ഇത്തരം വസ്ത്രങ്ങൾ വാങ്ങാറുണ്ടെന്ന് മുഹറഖിലെ മലയാളിയായ വസ്ത്ര വ്യാപാരി പറഞ്ഞു.
‘ദേശീയ ദിനാഘോഷങ്ങളുടെ ബന്ധപ്പെട്ടുള്ള വസ്ത്രങ്ങൾ വിൽപ്പന നടക്കുന്നത് രണ്ടാഴ്ച്ച മാത്രമാണ്. എന്നാൽ പ്രവാസികൾ താമസിക്കുന്ന രാജ്യത്തോടുള്ള പ്രതിബദ്ധതയും ദേശീയ ദിനം അടുത്തുവരുമ്പോൾ ഉണ്ടാകുന്ന ആവേശവുമാണ് ഈ സീസണൽ ഇത്തരം വസ്ത്ര വില്പനയുമായി മുന്നോട്ട് പോകുന്നതെന്ന് മനാമ സൂഖിലെ വ്യാപാരികൾ പറഞ്ഞു. ബഹ്‌റൈൻ പതാകകൾ, ആകർഷകമായ തൊപ്പികൾ, പതാകയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിവിധ ബാഡ്‌ജുകൾ, താക്കോൽ ചെയിനുകൾ,കുടകൾ മുതൽ സ്റ്റിക്കറുകൾ കുട്ടികൾക്കുള്ള കണ്ണടകൾ വരെയും വിൽപ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങൾ രാജ്യം വൈദ്യുത ദീപങ്ങൾക്കൊണ്ട് അലംകൃതമായിരിക്കും. വിവിധ സ്‌ഥാപനങ്ങളുടേയും ആഭിമുഖ്യത്തിൽ വ്യാപാര സമുച്ചയങ്ങളും പരിസരങ്ങളും അലങ്കരിക്കുന്ന ജോലിയും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കലാവിഷ്കാരങ്ങളും സാംസ്കാരിക സദസ്സുകളും അടക്കമുള്ളവ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പ്രവാസികളും.