ബഹ്റൈൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ആമസോൺ വെബ് സർവിസ് കമ്പനിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ആമസോൺ വെബ് സർവിസിനെ പ്രതിനിധാനംചെയ്ത് ബഹ്റൈൻ-സൗദി മേഖലതല ഡയറക്ടർ നായിഫ് അൽ അൻസിയും നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയെ പ്രതിനിധാനം ചെയ്ത് ഓപറേഷൻസ് വൈസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയുമാണ് കരാറിൽ ഒപ്പുവെച്ചത്. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ധാരണ പത്രത്തിലാണ് ഇരുവരും ഒപ്പുവച്ചത്.
സൈബർ സുരക്ഷ മേഖലയിലെ ഏകോപനത്തിനും ക്ലൗഡ് കമ്പ്യൂട്ടിങ് ഫസ്റ്റ് നയത്തിനനുസരിച്ച് സൈബർ സുരക്ഷ മേഖലയിലുള്ള സംയുക്ത സഹകരണം സാധ്യമാക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുന്നതിനും സഹകരണം വഴി സാധ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ സൈബർ സുരക്ഷയുടെ ഭാഗമായി നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ ചുമതലകളും ലക്ഷ്യങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവർ വിശദീകരിച്ചു.