ബിസിനസുകാർക്കും നിക്ഷേപകർക്കും കൊമേഴ്സ്യൽ രജിസ്ട്രേഷനും മറ്റ് നടപടിക്രമങ്ങളും എളുപ്പമാക്കാൻ സംയോജിത ഇലക്ട്രോണിക് പോർട്ടലായ വാണിജ്യ രജിസ്ട്രേഷൻ സംവിധാനമായ ‘സിജിലാത്ത്’ന്റെ പുതിയ വേർഷൻ സിജിലാത്ത് 3.0 ലോഞ്ച് ചെയ്തു. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ബി.സി.സി.ഐ) നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് ലോഞ്ചിങ് കർമം നിർവഹിച്ചത്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ), ബഹ്റൈൻ പോസ്റ്റ്, സിസ്കോ എന്നിവയുടെ സഹകരണത്തോടെയാണ് സിജിലാത്ത് 3.0 യുടെ ലോഞ്ചിങ് നടന്നത്. ബി സി സി ഐ ചെയർമാൻ സമീർ അബ്ദുല്ല നാസ്, .ജി.എ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. സക്കരിയ അഹ്മദ് അൽ ഖാജ, ഐ.ജി.എ സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ്, ഐ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനീസ് നിബ് റാസ് മുഹമ്മദ് അലി താലിബ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അതേസമയം വിലാസം മാറ്റൽ, വാണിജ്യ രജിസ്ട്രേഷൻ അടക്കം കാര്യങ്ങൾ അന്വേഷിക്കാൻ ഹെൽപ് പേജും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വേണ്ടി ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടാണ് സിസ്റ്റത്തിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 2015ലാണ് ‘കമേഴ്സ്യൽ രജിസ്ട്രേഷൻ’ എന്ന പേരിൽ സിജിലാത്തിന്റെ ആദ്യ പതിപ്പ് ലോഞ്ച് ചെയ്തത്. ഇത്തരത്തിൽ ഇ- സേവനം നൽകുന്ന മേഖലയിലെ ആദ്യ രാജ്യം കൂടിയായിരുന്നു ബഹ്റൈൻ.