ബഹ്റൈനും ഖത്തറിനുമിടയിൽ ദിവസേന മൂന്നു വീതം വിമാന സർവിസുകൾ നടത്തുമെന്ന് ഗൾഫ് എയറും ഖത്തർ എയർവേസും പ്രഖ്യാപിച്ചു. ജൂൺ 14 വരെ ഓരോ സർവിസും ജൂൺ 15 മുതൽ മൂന്നു സർവിസുകളുമാണ് ഇരു വിമാനക്കമ്പനികളും നടത്തുക. അതേസമയം വിമാന സർവിസുകൾ വർധിപ്പിക്കുമെന്ന് ഗൾഫ് എയർ നേരത്തേ വ്യക്തമാക്കിയിരുന്നു.
2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാമാർഗങ്ങളും നിർത്തിവച്ചിരുന്നു. എന്നാൽ ഈയിടെ ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാസം നടന്ന ജിസിസി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായാണ് വിമാന സർവിസ് പുനരാരംഭിച്ചത്.
ഇതിന്റെ തുടർച്ചയായാണ് വിമാന സർവിസും പുനരാരംഭിക്കാൻ തീരുമാനിച്ചത്. 25 മുതൽ ഓരോ സർവിസ് വീതം ആരംഭിക്കുമെന്ന് ഗൾഫ് എയറും ഖത്തർ എയർവേസും നേരത്തേ അറിയിച്ചിരുന്നു. ദോഹയിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 50 മിനിറ്റാണ് യാത്ര ചെയ്യാൻ എടുക്കുന്ന സമയം.