വിമാന ഇന്ധനത്തിന്‍റെ വില ഉയര്‍ന്നു. എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് വിമാന ഇന്ധനത്തിന് വില എത്തിയതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിന്‍റെ പശ്ഛാത്തലത്തിലാണ് വിമാന ഇന്ധന വിലയും എണ്ണകമ്പനികൾ വര്‍ദ്ധിപ്പിച്ചത്.
ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) ഈടാക്കുന്നത് 1,41,232.87 രൂപയാണ്. സമാനമായി കൊൽക്കത്തയിൽ 1,46,322.23 രൂപയും ഈടാക്കും. മുംബൈയില്‍ 1,40,092.74 രൂപയും ചെന്നൈയില്‍ 1,46,215.85 രൂപയുമാണ് വിമാന ഇന്ധനത്തിന്‍ ചിലവാകുക. 16.3 ശതമാനം വര്‍ദ്ധനവാണ് വിമാന ഇന്ധന വിലയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം യാത്രാ നിരക്കില്‍ 15 ശതമാനമെങ്കിലും വര്‍ദ്ധനവ് വേണമെന്നാണ് വിമാനകമ്പനികൾ ആവശ്യപ്പെടുന്നത്. ഇന്ധനവില കൂടിയതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും തിരിച്ചടിയാണെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്‌സിങ് വ്യക്തമാക്കി.
ആഭ്യന്തര വിമാനകമ്പനികളേയും വില വര്‍ദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. വാറ്റും എക്സൈസ് നികുതിയും ഉൾപ്പെടെ വിമാന ഇന്ധനത്തിന് ഇന്ത്യയിൽ വില കൂടുതലാണെന്നും വിമാന കമ്പനികൾ പറയുന്നു. 2021 ജൂണ്‍ 21 മുതല്‍ ഏവിയേഷന്‍ ഇന്ധന വിലയില്‍ 120 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്കുകൾ.