ഇനി ഖത്തറിന്റെ കടൽ തീരം മുതൽ വന്യജീവികളും മരങ്ങളും ഉൾപ്പെടെ സംരക്ഷിക്കാൻ പുതിയ സംവിധാനം. സംരക്ഷിത മേഖലകളുടെ നീരക്ഷണത്തിന് വേണ്ടി ഓട്ടോ ജൈറോ കോപ്ടറാണ് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേിത വിദ്യകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ചെറു നിരീക്ഷണ കോപ്ടറാണ് കാലാവസ്ഥാ മന്ത്രാലയം തങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കിക്കൊണ്ട് പ്രകൃതിയുടെ തനിമ അതേപടി നിലനിർത്താനുള്ള പുതിയ പാതയാണ് ഖത്തർ വെട്ടിത്തെളിയ്ക്കുന്നത്. ചരിത്രം കുറിക്കുന്ന ആദ്യ പറക്കലിൽ പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയും പങ്കെടുത്തു.
ഉമ്മ് അൽ ഷൗഖത് എയർഫീൽഡിൽ നിന്നും ഓട്ടോജൈറോ കോപ്ടർ ആദ്യ പറക്കലിനായി പറന്നുയർന്നത്. രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശങ്ങളും തീരമേഖലകളും നിരീക്ഷിച്ചതിന് ശേഷമായിരുന്നു വിമാനം താഴേയ്ക്ക് പറന്നിറങ്ങിയത്. കോപ്ടറിന്റെ അത്യാധുനിക സാങ്കേതിക വിദ്യകളും ജൈവ നിരീക്ഷണ ഉപാധികളും മന്ത്രിക്കു മുമ്പാകെ വിദഗ്ധ സംഘം പരിചയപ്പെടുത്തുകയും ചെയ്തു.
സമുദ്രജീവജാലങ്ങളുടെ നിരീക്ഷണം, തീരസംരക്ഷണം, സമുദ്ര, കര പരിസ്ഥിതിയുടെ സംരക്ഷണം, ജൈവവൈവിധ്യം സംരക്ഷിക്കണം, വായു നിലവാര നിരീക്ഷണം, തീരദേശ മലിനീകരണം തടയുക, രാജ്യത്തെ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയാണ് ഓട്ടോ ജൈറോ കോപ്ടറിന്റെ പ്രധാന സേവനങ്ങൾ. പരിസ്ഥിതി, ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് എപ്പോഴും വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ. പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങളും വെല്ലുവിളികളും കൃത്യമായി വിലയിരുത്താൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ജൈറോ കോപ്ടറുകളുടെ സേവനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനി ഖത്തറിന്റെ പരിസ്ഥിതി കൂടുതൽ മെച്ചപ്പെടും, കൂടുതൽ കരുത്തുറ്റതുമാവും. പച്ചപ്പും കടൽ തീരവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടും.