അബുദാബിയിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ച റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിയമം ലംഘിച്ച് പ്രവർത്തിച്ച CN-1038631 എന്ന ട്രേഡ് ലൈസൻസ് നമ്പറിലുള്ള അൽ നിദാം റെസ്റ്റോറൻ്റാണ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് റെസ്റ്റോറന്റിനെതിരെ നടപടി സ്വീകരിച്ചത്.
അബുദാബിയിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും സംബന്ധിച്ച 2008ലെ നിയമം (2) ആണ് റെസ്റ്റോറൻ്റ് ലംഘിച്ചത്. കൂടാതെ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങളും കണ്ടെത്തിയതോടെയായിരുന്നു നടപടി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബിയിൽ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.