പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ നിയമ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും അവകാശങ്ങളും നിബന്ധനകളും വിശദീകരിക്കുന്ന പട്ടിക സൗദി പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റായ ഉമ്മുൽ ഖുറായിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്.
രാജ്യത്തെ അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്ന എല്ലാവരും ഈ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവ നിയമലംഘനങ്ങളായി കണക്കാക്കും. യാത്രക്കാർക്കുള്ള നിബന്ധനകളും ഇൻട്രാസിറ്റി (നഗരത്തിനുള്ളിൽ) ബസ്, ഇന്റർസിറ്റി (നഗരങ്ങൾക്കിടയിൽ) ബസ്, ഇന്റർസിറ്റി റെയിൽവേ, ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർക്ക് അതത് വിഭാഗങ്ങൾ തിരിച്ചുമുള്ള നിബന്ധനകളും അതുമായി ബന്ധപ്പെട്ട ലംഘനങ്ങളും പിഴകളുമാണ് പട്ടികയിലുള്ളത്.
പൊതു നിബന്ധനകളും പിഴകളും
* ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടാവാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങളും ഒപ്പം കരുതിയാൽ 200 റിയാൽ പിഴ
* ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴയായി നൽകേണ്ടി വരും
* ഇന്റർസിറ്റിയിൽ 13 വയസ്സ് വരെയും ഇൻട്രാസിറ്റിയിൽ എട്ട് വയസ്സ് വരെയുമുള്ള കുട്ടികൾക്ക് തനിച്ച് യാത്ര ചെയ്യാനുള്ള അനുമതിയില്ല
* വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിച്ചില്ലെങ്കിൽ യാത്ര ചെയ്യാനുള്ള അനുമതിയില്ല
* യാത്രയ്ക്കിടയിൽ pതിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുന്ന സമയങ്ങളിൽ കാണിക്കാതിരുന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും
* പ്രാർഥനമുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ ചുമത്തും
* പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാൽ 200 റിയാൽ പിഴ
* സ്പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അതിന് അർഹരല്ലെങ്കിൽ ടിക്കറ്റ് നിരക്കിന് പുറമെ 200 റിയാൽ പിഴ ഈടാക്കും
* വാഹനത്തിൽ അനുവദനീയമായതിനേക്കാൾ വലുപ്പമുള്ള ലഗേജുകൾ കൊണ്ടുവരാൻ പാടില്ല
* ലഗേജുകൾ അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രംവയ്ക്കുക. ഇല്ലെങ്കിൽ 100 റിയാൽ പിഴ
* സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല
* വാഹനത്തിന് കേടുപാടുകൾ വരുത്തുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി 500 റിയാൽ പിഴ ചുമത്തും
*ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പി
ഇന്റർസിറ്റി ബസ് നിബന്ധനകളും പിഴകളും
* നിശ്ചിത വാതിലുകളിലൂടെ അല്ലാതെ കയറുകയും ഇറങ്ങുന്നതും ചെയ്യുന്നത് ഗുരുതര നിയമലംഘനമാണ്. ഇതിന് 500 റിയാൽ പിഴ ചുമത്തും
* യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധ തിരിച്ചാൽ 200 റിയാൽ പിഴ
*ബസിലെ നിരോധിത ഭാഗങ്ങളിൽ പ്രവേശിച്ചാൽ 200 റിയാൽ പിഴ
* സഹയാത്രികർക്കോ ബസ് ജീവനക്കാർക്കോ അസൗകര്യം ഉണ്ടാക്കിയാൽ 200 റിയാൽ പിഴ ചുമത്തും
* സീറ്റിലിരിക്കാതെ നിന്ന് യാത്ര ചെയ്താൽ 100 റിയാൽ പിഴ
* വാതിലുകൾ അടയ്ക്കുകയും സഹയാത്രികർക്ക് സഞ്ചരിക്കാൻ മതിയായ ഇടം അനുവദിക്കാതിരിക്കുകയും ചെയ്താൽ 100 റിയാൽ പിഴ ചുമത്തും
* ബസിലോ നിരോധനമുള്ള മറ്റിടങ്ങളിലോ വെച്ച് പുകവലിച്ചാൽ 200 റിയാൽ പിഴ
* ബസിന്റെ വിൻഡോയുടെയും വാതിലിന്റെയും ഭാഗങ്ങൾ അടർത്തിയെടുക്കുകയോ കേടുവരുത്തുകയോ പുറത്ത് തൂക്കിയിടുകയോ ചെയ്താൽ 300 റിയാൽ പിഴ ചുമത്തും
* സീറ്റുകളിൽ കാലുകൾ വെച്ച് യാത്ര ചെയ്താൽ 200 റിയാൽ പിഴ
* ബസ് നിറയെ യാത്രക്കാരുണ്ടായിട്ടും കയറാൻ ശ്രമിച്ചാൽ 100 റിയാൽ പിഴ
* കുട്ടികളുടെ സ്ട്രോളറുകൾ, വൈകല്യമുള്ളവർക്കുള്ള ട്രാവലിങ് എയ്ഡുകൾ,വീൽചെയറുകൾ എന്നിവയല്ലാത്ത മടക്കാൻ കഴിയാത്ത ചക്രങ്ങളുള്ള ഉപകരണങ്ങൾ ബസിൽ കയറ്റിയാൽ 200 റിയാൽ പിഴ ഈടാക്കും
* നിരോധിത വസ്തുക്കൾ കൈവശം വെക്കരുത്
* ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ പോലുള്ളവ കൈയിൽ കരുതരുത്.
യാത്രക്കാർക്കുള്ള നഷ്ടപരിഹാരം
* ബാഗേജുകൾക്ക് ഭാഗികമായോ അല്ലാതെയോ കേടുപാട് സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കിലോഗ്രാമിന് 75 റിയാൽ വീതം നഷ്ടപരിഹാരം ലഭിക്കും
* മൂന്ന് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ഇന്റർസിറ്റി ബസിന്റെ സർവിസ് റദ്ദാക്കുകയോ പുറപ്പെടാൻ 60 മിനിറ്റിൽ കൂടുതൽ വൈകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകണം
* ബസിന്റെ ട്രിപ്പ് മുടങ്ങുകയോ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒന്ന് യാത്ര തുടരാം, രണ്ട് അധിക ചെലവില്ലാതെ ഇതര ലൈനുകൾ തിരഞ്ഞെടുത്ത് റൂട്ട് വീണ്ടും പ്ലാൻ ചെയ്യാം. യാത്ര ഉപേക്ഷിക്കുന്നവർക്ക് ടിക്കറ്റിന്റെ മുഴുവൻ വിലയും തിരികെ നൽകണം.