ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. നാളെയാണ് 2024 എം.ടി.1 ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് വിലയിരുത്തൽ.
260 അടി വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് നാസ മുന്നറിയിപ്പ് നൽകുന്നത്. ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ് ഗവേഷകർ കണക്കാക്കുന്നത്. ജ്യോതിശാസ്ത്ര കണക്കുകൾ നോക്കിയാൽ ഭൂമിക്ക് തൊട്ടരികിലൂടെയാണ് ഈ ഛിന്നഗ്രഹം കടന്നുപോകുക. ഛിന്നഗ്രഹത്തിൻ്റെ സഞ്ചാരം സദാസമയം ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
കാലിഫോർണിയയിലെ പസദീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്. നാസയുടെ നിയർ എർത്ത് ഒബ്ജക്റ്റ് ഒബ്സർവേഷൻ പ്രോഗ്രാമാണ് 2024 എം.ടി.1 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.