ഇന്ത്യ ക്ലബ്ബിനൊപ്പം ഏഷ്യാ ലൈവ് സംഘടിപ്പിച്ച ‘ലൈവ് ഓണം’ ആഘോഷപരിപാടികൾ ദുബായ് ഊത് മേത്തയിൽ നടന്നു. ഇന്ത്യ ക്ലബ്ബ് അങ്കണത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളുമായി എണ്ണൂറിലധികം പേർ പങ്കെടുത്തു.
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് വിശിഷ്ടാതിഥികൾ തിരിതെളിച്ചു. ഇന്ത്യ ക്ലബ്ബ് ചെയർമാൻ സിദ്ധാർത്ഥ് ബാലചന്ദ്രൻ, ഫൌണ്ടിംഗ് മെമ്പർ പി.പി സിംഗ്, ബോർഡ് ഓഫ് ഡയറക്ടർമാരായ രത്നാകർ ഷെട്ടി, സുരേഷ് മേനോൻ, സിഇഒ ഭരത് ചച്ചറ, മാർക്കെറ്റിംഗ് മാനേജർ സിദ്ധാർത്ഥ് വ്യാസ് , ഏഷ്യാ ലൈവ് എംഡി സിയാദ് അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
ചെണ്ടമേളത്തിന് പുറമെ പരമ്പരാഗത കലാരൂപമായ തിരുവാതിരയും അരങ്ങേറി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത ഓണക്കളികളും മത്സരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി കുടുംബങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് മറുനാട്ടിൽ നിന്നുളള ക്ലബ്ബ് അംഗങ്ങളും മത്സരിച്ചത്.
കൈയ്യടിനേടുന്ന പ്രകടനവുമായി കാലാകാരൻമാരും അണിനിരന്നു. പാട്ടും നൃത്തവും ഓഡിറ്റോറിയം ഏറ്റെടുത്തതോടെ പ്രവാസ ലോകത്തെ ഓണാഘോഷം സമാനതകളില്ലാത്തതായി. വള്ളംകളിപ്പാട്ടിൻ്റെ ഈരടികളും നാടൻപാട്ടിൻ്റെ ശീലുകളും സദസ് ഏറ്റുപാടി. ആബാലവൃദ്ധം ഒരുമിച്ചാണ് ആഘോഷത്തെ അവിസ്മരണീയമാക്കിയത്.
തൂശനിലയിൽ ഉപ്പേരിയും പായസവും ഉൾപ്പെടെ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. അത്തപ്പൂവിൻ്റെ ചാരുതയിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചിത്രങ്ങളും പകർത്തിയാണ് ഏഷ്യാ ‘ലൈവ് ഓണം’ സമാപിച്ചത്.