43-ാമത് ആസിയാൻ ഉച്ചകോടിക്കുളള ഒരുക്കങ്ങൾ മുന്നോട്ട്. സെപ്തംബർ 5 മുതൽ 7 വരെ തീയതികളിൽ ജക്കാർത്തയിലാണ് ഉച്ചകോടി നടക്കുന്നത്.അടുത്ത 20 വർഷത്തെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് സംഘത്തിൻ്റെ ശേഷിയും സ്ഥാപനപരമായ ഫലപ്രാപ്തിയും ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് ഉച്ചകോടി പ്രാധാന്യം നൽകും.
പത്തംഗ ആസിയാൻ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പുറമെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ ബാഹ്യ പങ്കാളികളും ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രത്തലവൻമാർ, പ്രതിനിധികൾ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടെ 27 ലോക നേതാക്കളെയും അന്താരാഷ്ട്ര സംഘടനകളെയും ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
നിലവിലെയും ഭാവിയിലെയും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആസിയാൻ സഹകരണത്തിന് അടിത്തറയിടുകയാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നതെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ആസിയാൻ സഹകരണ ഡയറക്ടർ ജനറൽ സിദ്ധാർത്ഥോ സുർയോദിപുരോ വ്യക്തമാക്കി.ലക്ഷ്യം നേടുന്നതിന് ആസിയാൻ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആസിയാൻ കമ്മ്യൂണിറ്റിയിലെ മനുഷ്യവിഭവശേഷി, മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ, അംഗരാജ്യങ്ങൾ തമ്മിലുള്ള സമുദ്ര സഹകരണം തുടങ്ങിയ നിരവധി വശങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആസിയാൻ കമ്മ്യൂണിറ്റി വിഷൻ (HLTF-ACV) സംബന്ധിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സിൻ്റെ ശുപാർശകളോടെയാണ് ആസിയാൻ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.
ഏഷ്യ-പസഫിക്കിലെ കൊളോണിയൽ രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ സംഘടനയാണ് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്ന ആസിയാൻ(ASEAN). തായ്ലൻഡ്, ഫിലിപ്പീൻസ്,മലേഷ്യ,സിംഗപ്പൂർ,ഇന്തോനേഷ്യ,ബ്രൂണെ,വിയറ്റ്നാം,ലാവോ ,മ്യാൻമർ, കംബോഡിയ എന്നീ രാജ്യങ്ങളാണ് ആസിയാൻ അംഗങ്ങളുടെ പട്ടികയിലുളളത്.