2023 ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനമായ ഞായറാഴ്ച ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 11 ആയി. ക്യാനൻ ഡാരിയസ്, സരോവർ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് മെഡൽ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം.
നേരത്തെ വനിതകളുടെ ട്രാപ്പ് 50 വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു. രാജേശ്വരി കുമാരി, മനീഷ കീർ, പ്രീതി രാജക് എന്നിവരടങ്ങുന്ന ടീമാണ് മെഡൽ സ്വന്തമാക്കിയത്. 337 പോയിന്റോടെയാണ് നേട്ടം. 356 പോയിന്റോടെ ചൈനീസ് സഖ്യമാണ് ഒന്നാമതെത്തിയത്. ഇതോടെ ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യയുടെ മെഡൽ നേട്ടം 21 ആയി.
വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി. ബാഡ്മിന്റൻ ഫൈനലിൽ പുരുഷ ടീം ഇന്ന് ഫൈനലിൽ ഇറങ്ങുന്നുണ്ട്. ചൈനയാണ് എതിരാളികൾ.