സൗദിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ചൂട് ശക്തമാകുന്നതോടെ ഇവിടെയെത്തുന്നവർക്ക് അനായാസം പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ റോഡുകളുടെ പ്രതലങ്ങൾ തണുപ്പിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.
വിവിധ മന്ത്രായങ്ങളുമായി സഹകരിച്ച് റോഡ്‌സ് ജനറൽ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. സൂര്യതാപത്തെ ചെറിയ അളവിൽ മാത്രം ആഗിരണം ചെയ്യാൻ കഴിവുള്ള വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കിയ പദാർത്ഥം റോഡിൻ്റെ ഉപരിതലത്തിൽ മൂടുകയാണ് ചെയ്യുന്നത്. അതുവഴി വൻ തോതിൽ താപം ആഗിരണം ചെയ്യുന്ന പ്രതിഭാസം ഇല്ലാതാക്കുകയും റോഡുകളിലെ ചൂട് കുറയ്ക്കുകയും ചെയ്യും.
സാധാരണ ഗതിയിൽ പകൽ സമയത്ത് റോഡുകൾ സൂര്യതാപം ആഗിരണം ചെയ്യുകയും പിന്നീട് രാത്രി കാലങ്ങളിൽ ഇത് പുറംതള്ളുകയുമാണ് ചെയ്യുക. ചില സമയങ്ങളിൽ ഇവിടെ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ഹീറ്റ് ഐലൻഡ് എന്ന ഈ പ്രതിഭാസത്തിന് പരിഹാരം കാണുന്നതിനായാണ് തണുത്ത നടപ്പാതകൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്.