വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിലാണ് താരം. വ്യാഴാഴ്ച സ്കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിട്ടുണ്ട്. ”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യസ്ഥിതി സങ്കീർണമാണ്. വെൻറിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രിച്ചെലവുകൾ താങ്ങാവുന്നതിനും അപ്പുറമാണ്. നിങ്ങളാൽ കഴിയുംവിധം സഹായിക്കുക”എന്നാണ് ഗോപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തമിഴ്–മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. 2018ൽ പുറത്തിറങ്ങിയ ‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘പോർകാസുകൾ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.