പാഠ്യപദ്ധതി പരിഷ്കരിക്കും
വിദ്യാര്‍ഥികള്‍ക്കിടയില്‍ കലാ-സാംസ്‌ക്കാരിക കഴിവുകള്‍ വികസിപ്പിക്കാന്‍ പാഠ്യ പദ്ധതികളുമായി സൗദി. സൗദി സാംസ്‌കാരിക മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും വിശദമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കി. രാജ്യത്തെ സാംസ്‌ക്കാരിക തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ഉല്‍പ്പാദനക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
മൂന്ന് മേഖലകളായി തിരിച്ച് നടപ്പാക്കും
വിദ്യാഭ്യാസം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും കലയും സംസ്‌കാരവും ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സാംസ്‌കാരിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ വിദ്യാഭ്യാസ അന്തരീക്ഷം വികസിപ്പിക്കും. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ചുവടുപിടിച്ചാണ് പദ്ധതിയെന്നും അധികൃതര്‍ പറഞ്ഞു. സാംസ്‌കാരിക തലങ്ങളില്‍ യോഗ്യത ഉറപ്പാക്കുന്ന ബിരുദധാരികളെ സൃഷ്ടിക്കല്‍, സാസ്കാരിക മേഖലയില്‍ സുസ്ഥിര ജോലികള്‍ സൃഷ്ടിക്കല്‍, മികച്ച കലാ ആസ്വാദകരെ വളര്‍ത്തിയെടുക്കല്‍ എന്നിങ്ങനെ മൂന്ന് മേഖലകൾ തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
പരിശീലന സാഹചര്യം ഒരുക്കും
2026ഓടെ പൊതുവിദ്യാഭ്യാസ സ്‌കൂളുകളിൾ പാഠ്യേതര സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ബിരുദ വിദ്യാര്‍ഥികളില്‍ അഞ്ച് ശതമാനത്തിലധികം പേര്‍ സംസ്‌കാരം, കല എന്നിവയെ പ്രധാന വിഷയമായി തിരഞ്ഞെടുക്കുന്നതിനും അവസരമൊരുക്കും. സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളില്‍നിന്നും സാങ്കേതിക, തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും 20,000ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കും. കലാ സാംസ്‌കാരിക പരിശീലന സ്ഥാപനങ്ങളുടെ എണ്ണം ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രോത്സാഹനവും അവബോധവും വര്‍ദ്ധിപ്പിക്കും
വിദ്യാര്‍ഥികളില്‍ കലയോടുള്ള താല്‍പര്യം ജനിപ്പിക്കാന്‍ പദ്ധതികൾ തയ്യാറാക്കും. കലയില്‍ മികവ് കാട്ടുന്ന വിദ്യാര്‍ത്ഥികൾക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. കൂടാതെ സൗദിയുടെ സാംസ്‌ക്കാരിക സര്‍ഗാത്മകത ശക്തിപ്പെടുത്താനും പൊതു അവബോധം വര്‍ദ്ധിപ്പിക്കാനും നടപടികളുണ്ടാകും. പാഠ്യപദ്ധതി പരിഷ്കരണത്തിനൊപ്പം യോഗ്യതയുളള അധ്യാപകരുടെ സേവനവും ഉറപ്പാക്കും.