യുഎഇയിലെ വിവിധ തൊഴിൽ രംഗങ്ങളിൽ ആർട്ടിഫിഷൽ ഇൻ്റലിജന്റ്സിന്റെ കടന്നുകയറ്റം വിദേശ തൊഴിലാളികളെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നിരവധി കമ്പനികൾ ഇപ്പോൾ എഐയുടെ സഹായത്താൽ വിവിധ ജോലികൾ ഓട്ടോമേറ്റ് ചെയ്യുകയാണ്. മിഡിൽഈസ്റ്റ് മേഖലയിൽ എഐ ജോബ് ഓട്ടോമേഷൻ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന മൂന്ന് രാജ്യങ്ങൾ ഇറാൻ, ജോർദാൻ, ഈജിപ്ത് എന്നിവയാണ്. ഏഷ്യാ മേഖലയിൽ ഭൂട്ടാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലെ തൊഴിലാളികളെയും ഇത് കൂടുതലായി ബാധിക്കും.
പുതിയ കാലത്തെ സാങ്കേതിക വിദ്യകളുടെ വരവോടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ ജോലികൾക്കായി ഈ രാജ്യങ്ങൾ തങ്ങളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. യുഎസ് ബാങ്കായ ഗോൾഡ്മാൻ സാച്ച്‌സിന്റെ വിലയിരുത്തൽ പ്രകാരം എഐ വരും വർഷങ്ങളിൽ 300 ദശലക്ഷം തൊഴിലാളികളെ തൊഴിൽരഹിതരാക്കിയേക്കാം. സൗദി അറേബ്യയിലെ അൽ ജസീറ ബാങ്ക് കഴിഞ്ഞ ദിവസം എഐ വഴി 60,000 മണിക്കൂറിലധികം തൊഴിൽസമയം ലാഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ സാംബിയ, ഭൂട്ടാൻ, അംഗോള, അർമേനിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് എഐ ഏറ്റവും കൂടുതൽ ബാധിക്കുക. ഏറ്റവും കുറവ് ബാധിക്കുന്നത് സിംഗപ്പൂർ, പനാമ, ബാറ്റ്‌വാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവയെയാണ്.