അബുദാബിയിൽ ആർട്ടിഫിഷൽ ഇൻ്റലിജൻസ് ആന്റ് അഡ്വാൻസ്‌ഡ് ടെക്നോളജി കൗൺസിൽ (എ.ഐ.എ.ടി.സി) സ്ഥാപിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമം പുറപ്പെടുവിച്ചു. ഇതോടെ നിർമ്മിത ബുദ്ധി, നൂതന സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വം കൗൺസിലിന് മാത്രമായിരിക്കും.
യുഎഇയുടെ ഭാവി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ സാങ്കേതിക നേതൃത്വത്തിന്റെ ആവശ്യകതയാണ് കൗൺസിൽ രൂപവത്കരിക്കാനുള്ള പ്രധാന കാരണം. നിർമിത ബുദ്ധി, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അബുദാബിയുടെ മികവ് വർധിപ്പിക്കുന്നതിനായി പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി കൗൺസിൽ സഹകരിച്ചായിരിക്കും പ്രവർത്തിക്കുക.
എ.ഐ.എ.ടി.സി.യുടെ ചെയർമാനായി ഷെയ്ഖ് തഹൂൻ ബിൻ സായിദ് അൽ നഹ്യാനെയും വൈസ് ചെയർമാനായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും നിയമിച്ചു. കൂടാതെ ഖൽദൂൻ ഖലീഫ അൽ മുബാറക്, ജാസ്സം മുഹമ്മദ് ബു അതബ അൽ സാബി, ഫൈസൽ അബ്‌ദുല്ല അസീസ് അൽ ബന്നായി, പെങ് സ്‌കിയോ എന്നിവരെ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു.