തിയേറ്ററിൽ തേരോട്ടം തുടർന്ന് ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ (എആർഎം). അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ആഗോള കളക്ഷനാണ് 50 കോടി കടന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലെത്തിയ 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയാണ് എആർഎം ബോക്‌സോഫീസിൽ മുന്നേറുന്നത്. സംവിധായകനായ ജിതിൻ ലാലിന്റെ ആദ്യ ചിത്രമാണ് എആർഎം. കാണികളെ മടുപ്പിക്കാതെ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന വിധത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്.
മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പുകളിലെത്തുന്ന ടൊവിനോയുടെ പ്രകടനവും കരുത്തുറ്റ മേക്കിങുമാണ് സിനിമയുടെ ആകർഷണം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.