ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യം അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. അതേസമയം അർജുന്റെ ലോറിയുടെ സമീപത്തെത്താനായി ചെളി നീക്കൽ പുരോഗമിക്കുകയാണ്. പത്താം നാളിലേക്ക് നീണ്ട അർജുനായുള്ള കാത്തിരിപ്പിന് ഇന്ന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. ഡ്രോണിന്റെ ബാറ്ററികൾ വിമാനത്തിൽ കൊണ്ടുവരാൻ സാധിക്കില്ല. അതിനാൽ ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രസിലാണ് ബാറ്ററികൾ എത്തിക്കുന്നത്. 9.40ന് ട്രെയിൻ കാർവാർ സ്റ്റേഷനിലെത്തും. കാർവാർ സ്‌റ്റേഷനിൽ നിന്ന് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഏകദേശം ഒരു മണിക്കൂർ ദൂരമുണ്ട്. ഒന്നര മണിക്കൂറിനുള്ളിൽ ബാറ്ററി എത്തിച്ച ശേഷം അരമണിക്കൂറിനകം ഡ്രോൺ നിരീക്ഷണ സംവിധാനം അസംബിൾ ചെയ്‌ത് പതിനൊന്നേ മുക്കാലോടെ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്.
മുങ്ങൽ വിദഗ്ധർ ലോറിയുടെ അരികിലെത്തി ലോറിയിൽ ഇരുമ്പ് വടം ഘടിപ്പിച്ച ശേഷം കരയിൽ നിന്ന് വാഹനം ഉയർത്താനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ലോറിയിൽ അർജുൻ ഉണ്ടോയെന്നും പരിശോധിക്കും. അതിനിടെ ഇപ്പോൾ ഷിരുരിൽ വീണ്ടും മഴ ആരംഭിച്ചു. അടിയൊഴുക്ക് മൂലം മുങ്ങൽ വിദഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല. മഴ മാറുന്നതിനായി കാത്തിരിക്കുകയാണ് രക്ഷാസംഘം.