മനാഫിനെതിരെ വീണ്ടും അർജുന്റെ കുടുംബം. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീനാണെന്ന് അർജുൻ്റെ കുടുംബം. അർജുനെ മനാഫ് ഉപയോഗിക്കുകയായിരുന്നുവെന്നും അർജുൻ്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും കുടുംബം ആരോപിച്ചു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരൻ അഭിജിത്, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
“ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീൻ്റേതാണ്. അർജുനെ കാണാതായത് മുതൽ ഞങ്ങളുടെ കുടുംബാംഗങ്ങളും മുബീനുമാണ് ഷിരൂരിൽ ഉണ്ടായിരുന്നത്. 19-ാം തീയതിയാണ് മനാഫ് അവിടെയെത്തിയത്. ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. മുബീനും മനാഫും സഹോദരങ്ങളായത് കൊണ്ടായിരിക്കാം. നിരവധിപ്പേർ സഹായങ്ങളുമായി മനാഫിനെ സമീപിച്ചു. മനാഫ് പണം വാങ്ങാൻ തുടങ്ങിയത് വലിയ വേദനയുണ്ടാക്കി അർജുൻ്റെ കുടുംബത്തെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കി.
അർജുനെ ഉപയോഗിക്കുകയായിരുന്നു മനാഫ്. ഈശ്വർ മാൽപെയെ കൊണ്ടുവന്നത് കാർവാർ എംഎൽഎ സതീഷ് സെയിലാണ്. ആദ്യഘട്ടത്തിൽ നല്ല രീതിയിൽ തിരച്ചിൽ നടത്തി. എന്നാൽ പിന്നീട് തിരച്ചിൽ യുട്യൂബ് വ്യൂവേഴ്സിൻ്റെ എണ്ണം കൂട്ടാൻ വേണ്ടിയുള്ള തരത്തിലേക്കായി എന്നാൽ മുബീൻ എപ്പോഴും ഞങ്ങളുടെ കുടുംബത്തിനൊപ്പം നിന്നു. വീട്ടിൽ വന്ന് കാര്യങ്ങൾ സംസാരിച്ചിരുന്നു. എന്തുപറഞ്ഞാലും ലോകം അംഗീകരിക്കില്ല എന്നറിയാം. ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. എന്നാൽ സത്യം പറയുക മാത്രമാണ് ഞങ്ങൾ ചെയ്തത്” എന്നാണ് അർജുന്റെ കുടുംബം വ്യക്തമാക്കിയത്.
അതേസമയം, മനാഫ് ആരോപണങ്ങൾ നിഷേധിച്ചു. യുട്യൂബ് ചാനൽ തുടങ്ങിയത് തിരച്ചിൽ കാര്യക്ഷമമായി തുടരാനും കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാനുമായിരുന്നു. പ്രസിദ്ധി ആഗ്രഹിക്കുന്നില്ല. ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. തിരച്ചിലുമായി ബന്ധപ്പെട്ട് സ്വത്ത് വരെ നഷ്ടമായി. അർജുൻ്റെ കുടുംബം ഇപ്പോൾ തനിക്കെതിരെ പറയുന്നതിന് കാരണമെന്താണെന്ന് അറിയില്ലെന്നും മനാഫ് പ്രതികരിച്ചു.