ആരുടെയും കരളലിയിപ്പിക്കുന്ന രംഗങ്ങൾക്കാണ് ഗംഗാവലിപ്പുഴക്കര സാക്ഷ്യം വഹിക്കുന്നത്. ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറിയുടെ ക്യാബിനിൽ നിന്ന് അർജുൻ അവസാനമായി ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തി. അതോടൊപ്പം മകന് സമ്മാനിക്കാനായി ഏറെ ഇഷ്ടത്തോടെ വാങ്ങിയ ലോറിയുടെ മാതൃകയിലുള്ള കളിപ്പാട്ടവും ലഭിച്ചിട്ടുണ്ട്.
പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അർജുൻ്റെ ലോറി ഇന്ന് പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ കണ്ടെത്തിയത്. അർജുന്റെ രണ്ട് ഫോണുകൾ, അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ബാഗ്, വാച്ച്, കളിപ്പാട്ടം, വാഹനവുമായി ബന്ധപ്പെട്ട പേപ്പറുകൾ എന്നിവയാണ് കണ്ടെടുത്തത്.
ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിച്ചത്. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്‌ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ വ്യക്തമാക്കിയിരുന്നു. അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ ലഭിക്കുകയാണെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി അർജുന്റെ കുടുംബം അധികൃതരെ അറിയിച്ചിരുന്നു.