ഹജ്ജിനെത്തിയ മുഴുവന്‍ തീർഥാടകരും മിനയിൽ നിന്ന് അറഫാത്തിലേക്കെത്തി. പത്ത് ലക്ഷം തീര്‍ത്ഥാടകരേയും സുരക്ഷിതമായി എത്തിക്കാനായെന്ന് പബ്ലിക് സെക്യൂരിറ്റി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. എല്ലാ ഹജ്ജ് വർക്കിംഗ് അതോറിറ്റികളുടെയും സഹകരണത്തോടെയാണ് തീർഥാടകരെ അറഫാ സംഗമിത്തിന് എത്തിച്ചത്.
അറഫ നമിറ മസ്ജിദിൽ ദുഹ്ർ (ഉച്ച), അസർ (ഉച്ചതിരിഞ്ഞ്) പ്രാർത്ഥനകൾ നടക്കും. മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അല്‍ ഇസ അറഫാസന്ദേശം നല്‍കും. ഇസ്‌ലാമിന്റെ നീതി, സഹിഷ്ണുത, മിതത്വം എന്നിവയുടെ സന്ദേശം 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യും. പ്രവാചകന്‍റെ വിടവാങ്ങൾ പ്രസംഗത്തെ അനുസ്മരിച്ചാണ് അറഫാസംഗമം.
ഒരു പകല്‍ മുഴുവന്‍ വിശ്വാസികൾ ഒന്നായി സംഗമിക്കുകയും പ്രാര്‍ഥനാനിരതമാവുകയും ചെയ്യുന്ന മണിക്കൂറുകളാണ് കടന്നുപോകുന്നത്. ളുഹർ, അസർ, നമസ്കാരങ്ങൾ ഒന്നിച്ചു സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്കു പോവും. ശനിയാഴ്ച ബലിപെരുന്നാൾ ദിവസം ബലികർമവും മുടി മുറിക്കലും ജംറയിലെ ആദ്യ കല്ലേറും നിർവഹിക്കുന്നതോടെയാണ് പ്രധാന ചടങ്ങുകൾ അവസാനിക്കുക.