വിദേശരാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിൻ്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെയാണ് നിയമിച്ചത്.
സൗദി ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പിഎം, കുവൈറ്റില്‍ രാജേഷ് സാഗർ, യു.എ.ഇ അബുദാബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത്, ദുബായ്-ഷാര്‍ഷ മേഖലയില്‍ മനു. ജി, അനല ഷിബു എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചതെന്ന് നോർക്ക-റൂട്ട്സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു.
ജി.സി.സി രാജ്യങ്ങളില്‍ കൂടുതൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാനാണ് നീക്കം. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും മറ്റും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികൾക്ക് നോര്‍ക്ക റൂട്ട്സ് വഴി സഹായമെത്തിക്കുകയാണ് പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിൻ്റെ ലക്ഷ്യം.
കേസുകളിൻ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങി വിവിധ സേവനങ്ങളാണ് പ്രവാസികൾക്ക് ലഭ്യമാകുക.
ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലെ നോര്‍ക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc