യുഎഇ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാൻ ഒരുങ്ങുന്നവർക്ക് നിർദേശവുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി). റെസിഡൻസി വിസ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകർക്ക് ഫെബ്രുവരി 19 തിങ്കളാഴ്ച മുതൽ ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാം. രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇതോടെ ഇല്ലാതാവുന്നത്.
അംഗീകൃത ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഏകീകൃത പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് ഓൺലൈനായി കൈമാറുമെന്നും ഐസിപി അറിയിച്ചു. സുരക്ഷിതമായ ലിങ്ക് വഴി നടപടിക്രമങ്ങൾ നടത്തുമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി ഉറപ്പുനൽകിയിട്ടുണ്ട്. ഡിജിറ്റൽ പ്രക്രിയ നടപ്പിലാവുന്നതോടെ വിസ അപേക്ഷയ്ക്കും പുതുക്കലിനും ഉള്ള സമയം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.