പ്രമുഖ വ്യവസായി എം.എ. യൂസഫലി യു.എ.ഇ.യിൽ എത്തി 50 വർഷങ്ങൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ചിരുന്നു. സംഘർഷ മേഖലകളിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ളവരുമായ 50 കുട്ടികൾക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്താൻ തീരുമാനിച്ചത്. യൂസഫലിയോടുള്ള ആദര സൂചകമായി ഡോ. ഷംഷീർ വയലിലാണ് ശസ്ത്രക്രിയ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ സൗജന്യ ഹൃദയ സർജറികൾക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് [email protected] എന്ന ഇമെയിലിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം.
എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ.ഷബീന യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമാണ്.