ആപ്പിൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന നിമിഷം വന്നെത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ബൂസ്‌റ്റ് ചെയ്‌ത് അവതരിപ്പിച്ചിരിക്കുന്ന ഐഫോൺ 16ന്റെ ലോഞ്ചിന് പിന്നാലെ യുഎഇയിൽ ഐഫോണിന്റെ ഔദ്യോഗിക വിലകൾ പ്രഖ്യാപിച്ചു.
മെച്ചപ്പെട്ട പ്രകടനത്തിനും കാര്യക്ഷമതയ്ക്കുമായി പുതിയ എ18 ചിപ്പ് ഫീച്ചർ ചെയ്യുന്ന ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 16-ന് യുഎഇയിൽ 3,399 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ഐഫോൺ 16 പ്ലസിൻ്റെ അടിസ്ഥാന മോഡലിന് 3,799 ദിർഹമാണ് വില.
എഐ വിഷ്വൽ ഇൻ്റലിജൻസ് ഉപയോഗിച്ച് മികച്ച ക്യാമറാ അനുഭവമാണ് ഫോൺ ഉപയോക്താക്കൾക്ക് നൽകുന്നത്. അതിനാൽ മാക്രോ, സ്പേഷ്യൽ ഫോട്ടോകളോ വീഡിയോകളോ അനായാസമായി എടുക്കാനും സാധിക്കും. ഐഫോൺ 16-ൽ 26 എംഎം ഫോക്കൽ ലെങ്ത് ഉള്ള 48 എംപി പ്രധാന ക്യാമറയും ഓട്ടോഫോക്കസോടുകൂടിയ പുതിയ 48 എംപി അൾട്രാ വൈഡ് ലെൻസും ഉണ്ട്. ഇത് ഡോൾബി വിഷനിലെ 4K60 വീഡിയോയെ പിന്തുണയ്‌ക്കുന്നു.
രണ്ട് മോഡലുകൾക്കുമുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13-ന് ആരംഭിക്കും. ആപ്പിളിൻ്റെ യുഎഇ വെബ്‌സൈറ്റിൽ സെപ്റ്റംബർ 20 മുതൽ ഔദ്യോഗികമായി ഫോൺ ലഭ്യമായിത്തുടങ്ങുകയും ചെയ്യും.