ഗുസ്തിതാരങ്ങള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ താരങ്ങൾക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി രംഗത്ത്. രാജ്യത്തിന്റെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു’ താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നിരവധി പേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ താരങ്ങൾ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും റോഡിലൂടെ വലിച്ചിഴച്ചുമാണ് സംഭവസ്ഥലത്തു നിന്ന് നീക്കിയത്. കൂടാതെ ജന്തർമന്തറിലെ സമരവേദിയും പൊലീസ് പൊളിച്ചു നീക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് പൊലീസ് മോചിപ്പിച്ചത്.