ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഒക്ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാരാണെന്നാണ് റിപ്പോർട്ട്. മുൻ വർഷങ്ങളേക്കാൾ ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ദോഹ എക്സ്പോ ഉൾപ്പെടെയുള്ള പരിപാടികൾ ഖത്തറിൽ നടക്കുന്നതിനാലാണ് സന്ദർശകരുടെ എണ്ണം വർധിക്കുന്നതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാരാണ് ഇത്തവണ വർധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 32 ലക്ഷമായിരുന്നതാണ് ഇപ്രാവശ്യം 40 ലക്ഷമായി ഉയർന്നത്. വിമാനങ്ങളുടെ നീക്കത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 23.1 ശതമാനമാണ് വാർഷിക വർധനവ് രേഖപ്പെടുത്തിയത്. 22,686 വിമാനങ്ങളാണ് ഒക്ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നുപോയത്.
കാർഗോയുടെ നീക്കത്തിലും ഈ വർഷം വർധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2,13,398 ടൺ കാർഗോയാണ് കഴിഞ്ഞ മാസം ഇവിടെ കൈകാര്യം ചെയ്തത്. 2022 ഒക്ടോബറിൽ ഇത് 19,36,86 ടൺ ആയിരുന്നു. കാർഗോ നീക്കത്തിൽ 10.2 ശതമാനമാണ് വാർഷിക വർധനവ് രേഖപ്പെടുത്തിയത്.