ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ പത്താം ദിവസത്തിലേയ്ക്ക് കടന്നിട്ടും പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് വീണ്ടും വെല്ലുവിളി സൃഷ്ടിച്ചു. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനേ തുടർന്ന് നാവിക സേനയുടെ സ്കൂബ ഡൈവർമാർക്ക് ട്രക്കിന് സമീപത്തേയ്ക്ക് എത്താൻ സാധിച്ചിട്ടില്ല. ഇതോടെ തത്കാലത്തേയ്ക്ക് തിരച്ചിൽ അവസാനിപ്പിച്ച് സംഘം കരയിലേയ്ക്ക് മടങ്ങി.
അതേസമയം, അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. എന്നാൽ പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് അവിടേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അവർക്ക് അവിടേക്ക് എത്താൻ സാധിച്ചാലേ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും നാവിക സേനാ വൃത്തങ്ങൾ അറിയിച്ചു.
പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡ്രോണിൽ ലഭിച്ച സിഗ്നലിലും ട്രക്കിന്റെ കാബിൻ ഏതുഭാഗത്താണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പ്രദേശത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. എന്നാൽ രാത്രിയോടെ പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ രാത്രിയിലും തിരച്ചിൽ തുടരാനാണ് തീരുമാനമെന്നാണ് സൂചന.