അബുദാബി അൽ ഐൻ നഗരത്തിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാക്കി ആർക്കിയോളജി കോൺഫറൻസ് 2023 സംഘടിപ്പിച്ചു. അൽ ഐനിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങളാണ് കോൺഫറൻസിൽ അവതരിപ്പിച്ചത്.
അബുദാബിയിലെ സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ വെച്ച് നടത്തിയ ആർക്കിയോളജി കോൺഫറൻസിൽ ബിസി ആദ്യ നൂറ്റാണ്ടിലെ ശവകുടീരങ്ങളെക്കുറിച്ചുള്ള ഗവേഷണഫലങ്ങളും അവതരിപ്പിച്ചു. ഇത്തരം ശവകുടീരങ്ങളിൽ നിന്ന് കണ്ടെത്തിയ ചമയങ്ങള്‍, ചില്ലുകുപ്പികൾ, ഭരണികൾ മുതലായവയും ശവകുടീരങ്ങൾക്ക് അരികിൽ നിന്ന് ലഭിച്ചിട്ടുള്ള റോമൻ മാതൃകയിലുള്ള വലിയ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഈ പ്രദേശങ്ങൾക്ക് മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങളെ വ്യക്തമാക്കുന്നതാണെന്നാണ് നിഗമനം.
അൽ ഐനിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ഇത്തരം ശവകുടീരങ്ങൾ ഈ മേഖലയിൽ നിലനിന്നിരുന്ന പ്രാചീന ജനവാസ പ്രദേശത്തിന്റെ സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്നും കോൺഫറൻസിൽ വിലയിരുത്തപ്പെട്ടു.