മലയാളി പ്രവാസി സമൂഹത്തെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു എയർ ഇന്ത്യയുടെ പണിമുടക്കിനെ തുടർന്ന് അമൃതയുടെ യാത്ര മുടങ്ങിയ സംഭവം. ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അമൃതയുടെ ആഗ്രഹമാണ് മിന്നൽ പണിമുടക്ക് മൂലം തകർന്ന് പോയത്. അവസാനമായി ഭാര്യയെ കാണാനാവതെയാണ് മസ്ക്കറ്റിലുള്ള കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭർത്താവ് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്.
എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കാണിച്ചത് ക്രൂരതയല്ലെ എന്നാണ് അമൃതയുടെ അമ്മ ചോദിക്കുന്നത്. മോളെ കണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം വരില്ലായിരുന്നുവെന്നും ആ അമ്മ കണ്ണീരോടെ പറയുന്നു. തൊട്ടടുത്ത ഏതെങ്കിലും ഫ്‌ളൈറ്റിൽ കയറ്റിവിട്ടിരുന്നുവെങ്കിൽ, കാലിൽ വീഴുന്നതുപോലെയാണ് സംസാരിച്ചത്. എന്നിട്ട് ആരും മൈന്റ് ചെയ്തില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പരാതി നൽകുമെന്നും അമൃതയുടെ അമ്മ പ്രതികരിച്ചു.
ആശുപത്രി ആവശ്യത്തിനാണെന്നും ലഗേജ് പോലും കൊണ്ടുപോകണമെന്നില്ലെന്നും ഞങ്ങളെ മാത്രം പറഞ്ഞുവിട്ടാൽ മതിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരോട് പറഞ്ഞിരുന്നു. എട്ടാംതീയതിയും ഒൻപതാം തീയതിയുമാണ് പോകാൻ നിന്നിരുന്നത്. അത് ക്യാൻസലായിവേറെ ഒരു ഫ്‌ളൈറ്റുമില്ലായിരുന്നു കണക്ഷൻ ഫ്‌ളൈറ്റുപോലുമില്ലായിരുന്നുവെന്നും അമൃതയും പറഞ്ഞു.ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഇത് ക്യാൻസലായി പോയെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ മാനേജർ പറഞ്ഞതായി അമൃതയുടെ അമ്മ വ്യക്തമാക്കുന്നു. അവന്റെ ഒരുവരുമാനം കൊണ്ടാണ് ഇവൾ പഠിക്കുന്നതും വാടക വീട്ടിലാണെങ്കിലും കിടക്കുന്നതും. ഈ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും. ഒന്നുചെന്ന് കണ്ടിരുന്നുെവങ്കിൽ ആ ജീവൻ ഒറ്റപ്പെട്ട് പോകില്ലായിരുന്നുവെന്നും അമ്മ കണ്ണീരോടെ പറയുന്നു.