യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് 2024 സെപ്തംബർ മുതൽ രണ്ട് മാസത്തേക്ക് അനുവദിച്ച ഗ്രേസ് പിരീഡിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി അധികൃതർ. വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമലംഘകർക്ക് പൊതുമാപ്പ് നൽകുന്ന വിവരം യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് മുതലെടുത്താണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. പൊതുമാപ്പ് നേടാൻ സഹായം വാഗ്ദാനം ചെയ്യുന്ന സംഘങ്ങൾ വ്യാജ ഓൺലൈൻ ലിങ്കുകൾ കൈമാറുകയും ഇതുവഴി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം പണം തട്ടുകയും ചെയ്യും.
വിവിധ രാജ്യത്തെ എംബസികളും ഇത് സംബന്ധിച്ച് പൌരൻമാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. രണ്ട് മാസത്തെ ഗ്രേസ് പിരീഡിനുള്ള നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക നിർദ്ദേശങ്ങൾ ലഭ്യമായാൽ ഉടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും വ്യാജ ലിങ്കുകളിലൂടെ വഞ്ചിതരാകരുതെന്നും ഫിലിപ്പൈൻ എംബസി യു.എ.ഇയിലെ പൌരൻമാരെ അറിയിച്ചു.
അതേസമയം വിസ പൊതുമാപ്പ് പ്രോഗ്രാമിൻ്റെ പദ്ധതികളും നടപടിക്രമങ്ങളും ലളിതമാക്കാനും സ്മാർട്ട് സംവിധാനങ്ങൾ വിന്യസിക്കാനുമുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. 2007 ന് ശേഷം യുഎഇ ഗവൺമെൻ്റ് നടത്തുന്ന നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്.