യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ നിരവധി അപേക്ഷകരാണ് പൊതുമാപ്പ് സേവന കേന്ദ്രങ്ങളിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നിയമലംഘകർക്ക് അനധികൃതമായി താമസിച്ചതിന്റെ പേരിലുള്ള പിഴ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് കുടിശികയിലും ഇളവ് അനുവദിച്ചിരിക്കുകയാണ് അബുദാബി ആരോഗ്യ വകുപ്പ് (ഡിഒഎച്ച്).
പൊതുമാപ്പ് അപേക്ഷ അംഗീകരിച്ചതിൻ്റെ രേഖ ഹാജരാക്കുന്ന വ്യക്തിയുടെ ആരോഗ്യ ഇൻഷുറൻസ് പിഴ ഒഴിവാക്കാനാണ് അധികൃതർ നിർദേശിച്ചത്. നിരവധി പേർക്ക് അനധികൃത താമസത്തിന്റെ പേരിൽ പൊതുമാപ്പിന്റെ ആനുകൂല്യമായ വൻ തുക ഒഴിവാക്കി ലഭിക്കുന്നുണ്ടെങ്കിലും ഇൻഷുറൻസ് കുടിശിക ഉള്ളതിനാൽ രാജ്യം വിട്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. ഇത് കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്റെ നടപടി.
പൊതുമാപ്പ് അപേക്ഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അംഗീകരിച്ച ശേഷമാണ് ഇൻഷുറൻസ് പിഴയും ഒഴിവാക്കുക. ഒക്ടോബർ 30 വരെ നീളുന്ന പൊതുമാപ്പിൽ അപേക്ഷ നൽകാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും എത്രയും വേഗം കേന്ദ്രങ്ങളെ സമീപിക്കണമെന്നും അധികൃതർ വ്യക്തമാക്കി.