ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിലുണ്ടായ പ്രതിസന്ധികൾ രൂക്ഷമാകുന്നു. ‘അമ്മ’യിലെ 20-ഓളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനായി ഫെഫ്ക്കയെ സമീപിച്ചിരിക്കുകയാണ്. പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങൾ തേടുന്നത്.
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ താരങ്ങൾ തങ്ങളെ സമീപിച്ച കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് സ്ഥിരീകരിച്ചത്. അമ്മയുടെ സ്വത്വം നിലനിർത്തിയാണ് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നത്. അമ്മ ഒരു ട്രേഡ് യൂണിയൻ അല്ല. അമ്മ പിളർപ്പിലേക്ക് എന്നു പറയാൻ പറ്റില്ല. ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നതെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
അഞ്ഞൂറിലധികം താരങ്ങളാണ് അമ്മയിൽ അംഗങ്ങളായുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങൾ ഉടലെടുക്കുകയും അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സംഘടനയിൽ പ്രതിസന്ധികൾ രൂപപ്പെടുന്നത്.