ഇന്ത്യയിൽ ധനികരുടെ പട്ടികയിൽ ഒന്നാമത് റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി. ലോകത്തെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനി. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായിരിക്കുകയാണ് മുകേഷ് അംബാനി. അംബാനിയുടെ ആസ്തി 82 ബില്യൺ ഡോളറാണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനവും മുകേഷ് അംബാനി നിലനിർത്തി.
സമ്പത്തില്‍ 21 ബില്യണ്‍ ഡോളര്‍ കുറഞ്ഞ സമയത്തും രാജ്യത്തും ഏഷ്യയിലും ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മുൻപ് രാജ്യത്തെ ഏറ്റവും സമ്പന്നനായി അദാനി ഉയർന്നപ്പോഴും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തന്നെയായിരുന്നു ഏറ്റവും മൂല്യമുള്ള കമ്പനിക്കുള്ള ഒന്നാം സ്ഥാനം. ലോകത്തെ സമ്പന്നന്മാര്‍ക്കെല്ലാം തന്നെ കഴിഞ്ഞ വര്‍ഷം വലിയ രീതിയിൽ സ്വത്തില്‍ കുറവ് വന്നിരുന്നു. ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറും, ഇലോണ്‍ മസ്കിന് 48 ബില്യണ്‍ ഡോളറും സമ്പത്തില്‍ നഷ്ടം വന്നിട്ടുണ്ട്.
ഓഹരി വിപണിയിൽ മുൻ വർഷം 60% നഷ്ടം നേരിട്ട ഗൗതം അദാനി 23ാം സ്ഥാനത്താണ്. 2022ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നാണ് ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്. ഹുറൂൺ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപയാണ് നഷ്ടം.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന സ്ഥാനവും അദാനിക്ക് നഷ്ടമായി. ചൈനയുടെ സോങ് ഷാൻഷനാണ് അദാനിയെ മറികടന്നിരിക്കുന്നത്. ജനുവരിയിൽ, യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതോടെ അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞിരുന്നു.