വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ 40 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. തെക്കൻ കൊളംബിയൻ സ്വദേശികളായ കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ വെള്ളിയാഴ്ച അറിയിച്ചു.രാജ്യത്തിനാകെ സന്തോഷം എന്നാണ് പ്രസിഡൻ്റ് പ്രതികരിച്ചത്. രക്ഷാപ്രവർത്തകരും കുട്ടികളും ഒരുമിച്ചുളള ചിത്രവും അദ്ദേഹം പങ്കുവച്ചു.
വിമാനാപകടത്തിൽ കുട്ടികളുടെ അമ്മയും ബന്ധുവും പൈലറ്റും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തി. തുടർന്നുളള അന്വേഷണത്തിലാണ് കുട്ടികൾ ജീവനോടെയുണ്ടെന്ന സൂചന ലഭിച്ചത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് രക്ഷാസംഘം കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസിലാക്കുകയായിരുന്നു.
പിന്നീട് കുട്ടികളെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു ദൌത്യസംഘം. ജാഗ്വറുകളുടേയും വിഷപ്പാമ്പുകളുടേയും ആവാസ കേന്ദ്രമായ വനമേഖലയിൽ ദിവസങ്ങളായി അലഞ്ഞുതിരിയുകയായിരുന്നു കുട്ടികൾ. കണ്ടെത്തിയ കുട്ടികളിൽ ഒരാൾക്ക് ഒരു വയസാണ് പ്രായം. നാല്, ഒമ്പത്, പതിമൂന്ന് എന്നിങ്ങനെയാണ് ബാക്കി കുട്ടികളുടെ പ്രായം. കുട്ടികൾ അവശ നിലയിലാണെന്ന് രക്ഷാ സംഖ്യം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മെയ് ഒന്നിനാണ് തെക്കൻ കൊളംബിയയിൽ നിന്നും യാത്ര തിരിച്ച ചെറുവിമാനം ആമസോൺ കാടിനുമുകളിൽ തകർന്നു വീണത്. യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാവുകയും തകർന്നു വീഴുകയുമായിരുന്നു. സെസ്ന 206 എന്ന ചെറുവിമാനമാണ് തകർന്നത്.
ഹുകാടിനെക്കുറിച്ച് നല്ല പരിചയമുളള ഹുയിറ്റോട്ടോ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ. എങ്കിലും കുട്ടികൾ അലഞ്ഞുനടന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. കുട്ടികൾക്ക് ഹെലികോപ്റ്ററിലും മറ്റും ഭക്ഷണം എത്തിക്കാനുളള ശ്രമങ്ങളും നടന്നിരുന്നു. നൂറിലധികം വരുന്ന രക്ഷാ സംഖമാണ് കാടിനുളളിൽനിന്ന് കുട്ടികളെ കണ്ടെത്തിയത്.