ഖത്തറിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി പുതിയ പദ്ധതികളുമായി അൽ വക്ര നഗരസഭ. ചൂടിനെ പ്രതിരോധിക്കാനായി തൊഴിലാളികൾക്ക് കുടകൾ വിതരണം ചെയ്തിരിക്കുകയാണ് നഗരസഭ. ഇതിലൂടെ തൊഴിലാളികൾക്ക് സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് ഒഴിവാക്കാനും സൂര്യാഘാതം തടയാനും സാധിക്കും.
സൂര്യരശ്മികൾ കടക്കാത്ത വിധത്തിലുള്ള കട്ടിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് പ്രത്യേകമായി രൂപകൽപന ചെയ്ത കുടകളാണ് വിതരണം ചെയ്തത്. ഇരിപ്പിടങ്ങളുടെയും റോഡുകളുടെയും ശുചീകരണം, കാർഷിക ജോലികൾ, പബ്ലിക് ഗാർഡനുകൾ, പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് കുട നൽകിയത്. വരും ദിവസങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.