അൽ കൽബ ഹോസ്പിറ്റൽ കേന്ദ്രത്തിന് ഏറ്റവും മോശം റേറ്റിംഗ് ലഭിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൻ്റെ ഡയറക്ടറെ മാറ്റാൻ യുഎഇ വൈസ് പ്രസിഡന്റ് ഉത്തരവിട്ടു. ഏറ്റവും മോശം സർക്കാർ സേവനങ്ങളിലൊന്നാണ് എന്നാണ് കണ്ടെത്തിയത്.
എമിറേറ്റ്സ് ഹെൽത്ത് ഫൗണ്ടേഷൻ ഡയറക്ടർ ജനറലിനോട് അടുത്ത മാസം ആശുപത്രിയിൽ ഹാജരായി സേവനങ്ങൾ മെച്ചപ്പെടുത്താനും യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരായിരിക്കും പുതിയ ഡയറക്ടർ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഇത് കൂടാതെ യുഎഇയിലെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായി വിലയിരുത്തപ്പെട്ട ഏറ്റവും പുതിയ സർക്കാർ സേവനങ്ങൾ ഷെയ്ഖ് മുഹമ്മദ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.
അതേസമയം, റാസൽഖൈമയിലെ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിന്റെ സേവന കേന്ദ്രത്തിനും മോശം റേറ്റിംഗ് ആണ് ലഭിച്ചത്. ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സർവീസുകൾ മെച്ചപ്പെടുത്താൻ 60 ദിവസത്തെ സമയം നൽകുമെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. കേന്ദ്രങ്ങളിലെ ജീവനക്കാരെ മെച്ചപ്പെടുത്തിയില്ലെങ്കിൽ അവരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുന്നതാണ് ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടി.