ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ അൽബിദ പാർക്കിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി അധികൃതർ. ഇനി മുതൽ രാവിലെ 6 മുതൽ 9 വരെയാണ് പാർക്ക് തുറക്കുക. വ്യായാമം ദിനചര്യയായി തുടരുന്നവർക്ക് സൗകര്യപ്രദമായ രീതിയിലാണ് പാർക്കിന്റെ പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.
ശൈത്യകാലം തുടങ്ങിയതോടെ പതിവുകാർക്ക് പുറമെ ഇവിടെ വ്യായാമം ചെയ്യുന്നതിനായി എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒളിംപിക് ട്രാക്കിന് സമാനമായ രീതിയിൽ നീളമേറിയ സൈക്കിൾ പാത, ഓടാനും നടക്കാനുമുള്ള പാതകൾ, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ എന്നിവ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഫുട്ബോൾ പിച്ചുകളും വ്യക്തിഗത പരിശീലനത്തിനുള്ള സൗകര്യവും അൽബിദ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ഫിറ്റ്നെസ് ഇടം എന്നതിനപ്പുറം കുടുംബങ്ങൾക്കും വ്യക്തികൾക്കും സൗകര്യപ്രദമായും സമാധാനപരമായും സമയം ചിലവഴിക്കാനും ഒത്തുകൂടാനുമുള്ള സ്ഥലം എന്ന നിലയിലും അൽബിദ പാർക്ക് ശ്രദ്ധേയമാണ്. മാർച്ച് 28 വരെ നടക്കുന്ന രാജ്യാന്തര ഹോർട്ടികൾച്ചറൽ പ്രദർശനമായ എക്സ്പോ ദോഹയുടെ വേദി കൂടിയാണ് ഇത്.