വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ അബുദാബിയിലെ അൽ ഐൻ മൃഗശാല ജൂലൈ മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചിടുന്നത്. പിന്നീട് സെപ്റ്റംബറിൽ മൃഗശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ തുടർച്ചയായി ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. സുസ്ഥിരത, പ്രകൃതി സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നിവയ്ക്ക് വളരെ പ്രാധാന്യം നൽകുന്നതാണ് അൽ ഐൻ മൃഗശാല. ഉയർന്ന സാംസ്കാരികവും വിനോദപരവുമായ നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കോടൂറിസം അനുഭവമാണ് ഇവിടം സന്ദർശകർക്ക് നൽകുന്നത്.
പാർക്കിനെ ഈ മേഖലയിലെ ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ മുന്നോട്ടുപോകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം തുറക്കുന്ന മൃഗശാലയിൽ പുതിയതായി എന്തൊക്കെ സംവിധാനങ്ങളാകും ഉണ്ടാകുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സഞ്ചാരികൾ.