സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തിലേയ്ക്ക് അടുക്കുമ്പോൾ അവിസ്മരണീയ നേട്ടത്തെ ആഘോഷമാക്കാനൊരുങ്ങി അബുദാബിയിലെ അൽ ഐൻ മൃഗശാല. തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിൽ വിപുലമായ പരിപാടികളും പ്രത്യേക ഓഫറുകളുമാണ് മൃഗശാല അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ദശലക്ഷം പൂർത്തിയാക്കുന്ന സന്ദർശകന് ഈ മൃഗശാലയിലെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാനാകുന്ന ഒരു വർഷത്തെ സൗജന്യ വാർഷിക അംഗത്വവും വാഗ്ദാനം ചെയ്യുന്നുണ്ട്.
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ തുടർച്ചയായി ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. സുസ്ഥിരത, പ്രകൃതി സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നിവയ്ക്ക് വളരെ പ്രാധാന്യം നൽകുന്നതാണ് അൽ ഐൻ മൃഗശാല. ഉയർന്ന സാംസ്കാരികവും വിനോദപരവുമായ നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഇക്കോടൂറിസം അനുഭവമാണ് ഇവിടം സന്ദർശകർക്ക് നൽകുന്നത്. പാർക്കിനെ ഈ മേഖലയിലെ ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിലാണ് അധികൃതരെന്ന് മൃഗശാല-അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി പറഞ്ഞു.