അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ച പുതിയ ടാക്സി നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.82 ദിർഹം ആയി നിശ്ചയിച്ചിട്ടുണ്ട്.മാറ്റം ജൂലൈ മാസം മുഴുവൻ ബാധകമാണ്.ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.81 ദിർഹത്തേക്കാൾ 1 ഫിൽ കൂടുതലാണ് ഈടാക്കുക.
യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാറ്റം. ഇതോടെ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസം ചിലവാക്കിയതിനേക്കാൾ 2.55 ദിർഹം മുതൽ 3.70 ദിർഹം വരെ ജൂലൈയിൽ കൂടുതൽ ചിലവാകുമെന്നാണ് കണക്കുകൾ.
ജൂണിനെ അപേക്ഷിച്ച് പെട്രോളിന് 5 ഫിൽസും ഡീസലിന് 8 ഫിൽസുമാണ് ജൂലൈയിൽ വില ഉയർന്നത്. വർദ്ധനവിന് ആനുപാതികമായി അജ്മാന് പിന്നാലെ മറ്റ് എമിറേറ്റുകളിലും ടാക്സി നിരക്കുകളിൽ മാറ്റമുണ്ടാകും.