ടൊവിനോ തോമസ് നായകനായെത്തിയ ‘അജയൻ രണ്ടാം മോഷണം’ (എആർഎം) എന്ന ഫാൻ്റസി ത്രില്ലറിന് തിയേറ്ററിൽ ഗംഭീര പ്രതികരണം. ആദ്യ ഷോ പൂർത്തിയാകുമ്പോൾ വലിയ ആവേശമാണ് തിയേറ്ററുകളിൽ സൃഷ്ടിക്കുന്നത്.
പ്രേക്ഷകർക്ക് മികച്ച ദൃശ്യ വിരുന്നാണ് സംവിധായകനായ ജിതിൻ ലാൽ തന്റെ ആദ്യ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. കാണികളെ മടുപ്പിക്കാതെ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന വിധത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ടൊവിനോയുടെ പ്രകടനവും കരുത്തുറ്റ മേക്കിങുമാണ് സിനിമയുടെ ആകർഷണം.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.