പ്രമുഖ എയർലൈൻ ഗ്രൂപ്പായ എയർ വിസ്താര എയർ ഇന്ത്യയുമായി ലയിക്കുന്നതിൽ അനുമതിയായി. ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നു. 2024 നവംബർ 12-ന് എയർ വിസ്താര എയർ ഇന്ത്യയുമായി ലയിക്കുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ചയാണ് സിംഗപ്പൂർ എയർലൈൻസിന് (എസ്ഐഎ) ഇന്ത്യൻ സർക്കാരിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചത്.
നവംബർ 12 മുതൽ യാത്രക്കാർക്ക് എയർ വിസ്താര ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ടാകില്ല. എന്നാൽ നവംബർ 11 വരെ പതിവ് സർവ്വീസുകൾ തുടരും. പിന്നീടുള്ള ദിവസങ്ങളിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് www.airindia.com വഴിയോ എയർ ഇന്ത്യ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം. നവംബർ 12ന് ശേഷമുള്ള ബുക്കിങ്ങുകൾ നിലവിലുണ്ടെങ്കിൽ എയർ ഇന്ത്യ സർവ്വീസുമായി സംയോജിപ്പിക്കും.
അതേസമയം സംയോജിത പോയിൻ്റുകളെ അടിസ്ഥാനമാക്കി അംഗങ്ങളുടെ ടയർ സ്റ്റാറ്റസ് വീണ്ടും അസൈൻ ചെയ്യപ്പെടുമെന്നും കമ്പനി അറിയിച്ചു. ഇരുകമ്പനികളും ഒന്നായി മാറുന്നതോടെ ഇന്ത്യൻ വ്യോമയാന വിപണിയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് നിഗമനം. 2022 ലാണ് ഇരുകമ്പനികളും ലയനം സംബന്ധിച്ച ആദ്യ വിവരങ്ങൾ പുറത്തുവിട്ടത്.