മസ്‌കത്ത്-ഡൽഹി സെക്ടറിലേയ്ക്കുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കാനൊരുങ്ങി എയർ ഇന്ത്യ. ഈ സെക്ടറിലേയ്ക്കുള്ള അവസാന വിമാനം ജൂൺ 29നായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, 29ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ച് വാങ്ങാമെന്നും മുംബൈ വഴി ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിലോ എയർ ഏഷ്യയിലോ, എയർ വിസ്‌താരയിലോ യാതൊരു അധിക ചെലവും ഇല്ലാതെ ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യുന്നവർക്കാണ് അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാൻ കഴിയുക.
29-ന് രാത്രി 10.35-ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 3.10-ന് ഡൽഹിയിൽ എത്തുകയും ഡൽഹിയിൽ നിന്ന് വൈകുന്നേരം 7.45-ന് പുറപ്പെട്ട് രാത്രി 9.35-ന് മസ്‌കത്തിൽ എത്തുന്ന വിമാനം റദ്ദ് ചെയ്‌തതായി അധികൃതർ അറിയിച്ചു. കൂടാതെ എയർ ഇന്ത്യയുടെ ബംഗളൂരു സർവീസുകളും ഇല്ലാതാകുമെന്നാണ് സൂചന. വെബ്സൈറ്റിൽ ജൂൺ 29-ന് ശേഷം ബംഗളൂരുവിലേക്ക് സർവീസുകളില്ലെന്നാണ് കാണിക്കുന്നത്.