എൻജിൻ തകരാർ മൂലം റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ദുരിതം അനുഭവിക്കുന്നു എന്ന് റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രാമധ്യേ ഇന്നലെ വൈകുന്നേരമാണ് തകരാർ മൂലം റഷ്യയിൽ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാർ ഇപ്പോഴും റഷ്യയിൽ തന്നെ തുടരുകയാണ്. ഇവർക്കായി എയർ ഇന്ത്യ സജ്ജീകരിച്ച വിമാനം ഇതുവരെ അവിടെ എത്തിയിട്ടില്ലെന്നാണ് വിവരം.
എൻജിൻ തകരാറിനെ തുടർന്ന് എമർജൻസി ലാൻഡിങ് നടത്തി എന്നാ കാര്യമല്ലാതെ മറ്റു വിവരങ്ങളൊന്നും ഇതുവരെ കുടുങ്ങി കിടക്കുന്ന യാത്രക്കാർക്ക് അറിയില്ല. ഭാഷയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അതുമൂലം വിമാനത്താവള അധികൃതരുമായോ ജീവനക്കാരുമായോ സംസാരിക്കാൻ ഭാഷ തടസമാണ്. എപ്പോഴാണ് ഇവിടെനിന്ന് പോകാനാകുക എന്ന കാര്യത്തിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
230ലധികം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അക്കൂട്ടത്തിൽ കുട്ടികളും പ്രായമായവരുമുണ്ട്. എല്ലാവരുടെയും ലഗേജ് ഇപ്പോഴും വിമാനത്തിനകത്താണുള്ളത്. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം എല്ലാവരെയും ബസുകളിൽ കയറ്റി പല സ്ഥലങ്ങളിലേക്കാണ് മാറ്റി. ചിലരെ ഒരു സ്കൂളിലാണ് താമസിപ്പിച്ചിരിക്കുന്നത്. നിലത്ത് പായ വിരിച് ഉറങ്ങുന്ന അവരുടെ ചിത്രവും പ്രചരിക്കുന്നുണ്ട്.
മതിയായ ശുചിമുറി സൗകര്യമില്ല. ഇവിടെ നിന്ന് നൽകിയ ഭക്ഷണവും ഇതുവരെ കഴിച്ചിട്ടില്ലാത്തതാണ്. പ്രായമായവരിൽ മിക്കവരും സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. അവരുടെ കയ്യിലെ മരുന്നും തീർന്ന സ്ഥിതിയാണുള്ളത്. അതേസമയം ഇത്തരം ബുദ്ധിമുട്ടുകളുണ്ടെങ്കിലും റഷ്യൻ അധികൃതർ വളരെ മാന്യമായിട്ടാണ് ഇടപെടുന്നതെന്ന് യാത്രക്കാർ അറിയിച്ചു.