എയർ ഇന്ത്യ വിമാനത്തിൽ മദ്യലഹരിയിൽ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിൽ ബിസിനസ് ക്ലാസിൽ ആണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതി നൽകി. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാവാത്തതിനാൽ അയാൾ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി.
യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്ന് പറയുന്നു. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തിൽ റിപ്പോർട്ട് തേടി.
വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ വ്യക്തമാക്കുന്നു. ‘ഉച്ചയ്ക്ക് ആഹാരം നല്കിയ ശേഷം ലൈറ്റുകൾ ഓഫായ ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന് തൻ്റെ സീറ്റിനടുത്തേക്ക് വന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നിന്ന അയാൾ മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അവിടെനിന്നു പോയത്.
എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. പിന്നീട് വിമാനജീവനക്കാരെത്തി സാനിറ്റൈസ് ചെയ്യുകയായിരുന്നു’– പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന് ക്രൂവാണ് യാത്രക്കാരിക്ക് മാറ്റിധരിക്കാൻ പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റും നൽകി. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞാണ് മറ്റൊരു സീറ്റ് നല്‍കിയത്.