ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്കായി ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 3-ൽ ഒരു സംയോജിത സെൽഫ്-ബാഗേജ് ഡ്രോപ്പും സെൽഫ് കിയോസ്ക് ചെക്ക്-ഇൻ സേവനവും അവതരിപ്പിച്ച് എയർ ഇന്ത്യ. ഓസ്ട്രേലിയയിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും അതുപോലെ ഇന്ത്യയ്ക്കുള്ളിലെ എല്ലാ വിമാനങ്ങൾക്കും ഈ സേവനം നിലവിൽ ലഭ്യമാണ്.
എയർ ഇന്ത്യ യാത്രക്കാർക്ക് ഇപ്പോൾ ബോർഡിംഗ് പാസുകളും ബാഗേജ് ടാഗുകളും പ്രിന്റ് ചെയ്യാനും ബാഗുകൾ സ്വന്തമായി ഡ്രോപ്പ് ചെയ്യാനും തടസ്സമില്ലാത്ത ഡിജിറ്റൽ പ്രക്രിയ ആസ്വദിക്കാൻ കഴിയും. സെൽഫ് ബാഗേജ് ഡ്രോപ്പ് സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ കാത്തിരിപ്പു സമയം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ കുറയും. കൂടാതെ ചെക്ക്-ഇൻ പ്രക്രിയ വളരെ എളുപ്പവും വേഗത്തിലുമാകും.
സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കേണ്ടതിങ്ങനെ
ആദ്യം, ചെക്ക്-ഇൻ കിയോസ്കിൽ നിന്ന് ബോർഡിംഗ് പാസും ബാഗേജ് ടാഗും വാങ്ങണം. ശേഷം, യാത്രക്കാർ അവരുടെ ചെക്ക് ചെയ്ത ബാഗുകൾ ടാഗ് ചെയ്യണം. ഇതിനുശേഷം, ബോർഡിംഗ് പാസുകൾ മെഷീൻ വഴി സ്കാൻ ചെയ്യണം. ബാഗിൽ നിയമവിരുദ്ധമോ അപകടകരമോ ആയ വസ്തുക്കൾ ഒന്നും ഇല്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണം. അതിനു ശേഷം ബാഗ് കൺവെയർ ബെൽറ്റിൽ തന്നെ ഉണ്ടാകും. പരിശോധനാ പ്രക്രിയ പൂർത്തിയാകുമ്പോൾ ബാഗേജ് ലക്ഷ്യസ്ഥാനത്തേക്ക് എത്തും. സാധനങ്ങൾ മെഷീനിൽ തന്നെ തൂക്കി സ്കാൻ ചെയ്യാം. ചെക്ക് ചെയ്ത ബാഗേജിന്റെ ഭാരം എയർലൈൻ അനുശാസിച്ചിരിക്കുന്ന പരിധിയേക്കാൾ കൂടുതലാണെങ്കിൽ മെഷീൻ അത് നിരസിക്കും. അധിക ലഗേജുണ്ടെങ്കിൽ എയർലൈൻ ജീവനക്കാർ യാത്രക്കാരെ അക്കാര്യം അറിയിക്കും.