എയർ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചു. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോമിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഡിസൈനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യ ജീവനക്കാർക്കായി യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350-ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക. 1932-ൽ എയർ ഇന്ത്യ സ്ഥാപിതമായതിന് ശേഷം ആദ്യമായാണ് ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിക്കുന്നത്.
പുതിയ യൂണിഫോം പ്രകാരം എയർലൈനിലെ ക്യാബിൻ ക്രൂ അംഗങ്ങളായുള്ള വനിതകൾക്ക് ഓംബ്രെ സാരിയും പുരുഷന്മാർ ബന്ദ്ഗാലയുമാണ് ധരിക്കുക. പൈലറ്റുമാർ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക. പർപ്പിൾ-ബർഗണ്ടി നിറത്തിലുള്ള ഓംബ്രെ സാരികളാണ് സീനിയറായ വനിതാ ക്യാബിൻ ക്രൂ അംഗങ്ങൾ ധരിക്കുക. ഇവയ്‌ക്കൊപ്പം പർപ്പിൾ നിറത്തിലുള്ള ബ്ലേസറുകളും ഉണ്ടായിരിക്കും. ചുവന്ന ബ്ലേസറുകൾക്കൊപ്പം ചുവപ്പ്-പർപ്പിൾ നിറത്തിലുള്ള ഓംബ്രെ സാരിയാണ് വനിതകളായുള്ള ജൂനിയർ ക്യാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോം. ഒരു ക്ലാസിക് ബ്ലാക്ക് ഡബിൾ ബ്രെസ്റ്റഡ് സ്യൂട്ടാണ് പൈലറ്റുമാരുടെ യൂണിഫോം.
വനിതാ കാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോമിൽ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ഉൾപ്പെടുന്നു. ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ റെഡി-ടു-വെയർ സാരികൾ പാന്റിനൊപ്പവും ധരിക്കാൻ സാധിക്കും. യൂണിഫോമിനൊപ്പം ചെരുപ്പും ജീവനക്കാർക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്ത്രീകൾ ഇരുനിറത്തിലുള്ള (കറുപ്പ്, ബർഗണ്ടി) ബ്ലോക്ക് ഹീൽസ് ചെരുപ്പും പുരുഷ ക്യാബിൻ ക്രൂ അംഗങ്ങൾ കറുത്ത ഷൂവുമാണ് ധരിക്കേണ്ടത്. വനിതാ ക്യാബിൻ ക്രൂവിനുള്ള മുത്ത് കമ്മലുകളും സ്ലിംഗ് ബാഗുകളും യൂണിഫോമിൽ ഉൾപ്പെടുന്നുണ്ട്.