ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്നാണ് വനിതകള്‍ മാത്രമുള്ള ആദ്യ ഹജ് വിമാനം സർവീസ് നടത്തിയത്. എയർ ഇന്ത്യ ക്യാപ്റ്റന്‍ കനിക മെഹ്റ, ഫസ്റ്റ് ഓഫിസര്‍ ഗരിമ പാസി എന്നിവരായിരുന്നു വിമാനത്തിന്റെ പൈലറ്റുമാര്‍.
ഐഎക്സ് 3025 എന്ന എയർ ഇന്ത്യയുടെ വിമാനമാണ് വനിതാ ഹജ്ജ് തീർഥാടകരുമായി കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. പ്രാദേശിക സമയം 22.45 ന് സംഘം ജിദ്ദയില്‍ എത്തി. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട പ്രത്യേക വിമാനത്തിന്റെ എല്ലാ നിര്‍ണായക ഫ്ലൈറ്റ് ഓപറേഷന് റോളുകളിലും വനിതാ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ബിജിത എം.ബി, സുഷമ ശര്‍മ, ശ്രീലക്ഷ്മി, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്നു ക്യാബിന് ക്രൂ അംഗങ്ങൾ.
അതേസമയം എയര്‍ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷനലുകളാണ് നിര്‍ണായക ഗ്രൗണ്ട് ടാസ്ക്കുകള് നിര്‍വഹിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓപറേഷന് കണ്ട്രോള് സെന്ററില്‍ സരിതാ സലുങ്കെ വിമാനം മോണിറ്റര്‍ ചെയ്തു. മൃദുല കപാഡിയയാണ് വിമാനത്തിന്റെ പുരോഗതി നിരീക്ഷിച്ചത്. അതേസമയം ലീന ശര്‍മ്മയും നികിത ജവാന്‍ജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ചുമതലയുള്ള ഓണ്‍ഡ്യൂട്ടി സര്‍വീസ് എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു. രഞ്ജു ആര് ആണ് ലോഡ് ഷീറ്റ് പരിശോധിച്ചത്.